Did you forget what you learned just now?

This article was published in Kerala’s leading newspaper Mathrubhumi’s Nagaram weekend supplement, Feb 6, 2019.

പഠിച്ചതു മറന്നുപോകുന്നുണ്ടോ ?

പഠിച്ചത് മറന്നുപോകുന്നുവെന്ന പരാതിയാണ് പലപ്പോഴും കുട്ടികൾക്ക്. എന്തുകൊണ്ടാണ് പഠിച്ചിട്ടും മറന്നുപോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. അതീവ താത്‌പര്യത്തോടെ നിങ്ങൾ കാണുന്ന സിനിമയിലെ ഡയലോഗുകളോ, സശ്രദ്ധം കേൾക്കുന്ന പാട്ടിലെ വരികളോ നിങ്ങൾ മറക്കുന്നില്ലല്ലോ. പിന്നെ പഠിക്കുന്ന കാര്യങ്ങൾ മാത്രം എങ്ങനെയാണ് മറക്കുന്നത്. താത്‌പര്യമില്ലാതെ പഠിക്കുന്നതുകൊണ്ടാണ് പഠിച്ചെന്നു നിങ്ങൾ കരുതുന്ന കാര്യങ്ങൾ മറന്നുപോകുന്നത്. അപ്പോൾ, താത്‌പര്യത്തോടെ പഠിക്കുകയാണ് നന്നായി പഠിക്കാനും ഓർമയിൽ നിൽക്കാനും ചെയ്യേണ്ടത്.

Did you forget what you just learnt?

ഇഷ്ടമില്ലാത്ത വിഷയം പഠിക്കാൻ

പഠിക്കാൻ താത്‌പര്യമില്ലാത്ത വിഷയത്തിൽ പോലും നിങ്ങൾക്ക് താത്‌പര്യമുള്ള ഏതെങ്കിലും ഘടകങ്ങൾ കാണും. അത്തരം ഘടകങ്ങൾ കണ്ടെത്തി അവയ്ക്ക് കാര്യമായ പ്രാധാന്യംനൽകി പഠിക്കുക. ഒരു വിഷയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നെ പഠിക്കാൻ എളുപ്പമാണ്. പഠിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടു പുതിയ അറിവുകളോ, വ്യത്യസ്തമായ വിവരങ്ങളോ സിലബസിനു പുറത്തുനിന്ന്‌ കണ്ടെത്താൻ കഴിഞ്ഞാൽ അത് നിങ്ങളുടെ പഠിക്കാനുള്ള താത്‌പര്യത്തെ വർധിപ്പിക്കും. കൂടാതെ പരീക്ഷയ്ക്ക് അത്തരം വിവരങ്ങൾകൂടി ചേർത്ത് നന്നായി എഴുതാൻ കഴിയും. ഉദാഹരണത്തിന്, താജ്മഹലിനെക്കുറിച്ച് പഠിക്കുമ്പോൾ താജ്മഹലിന്റെ ചരിത്രം മാത്രമല്ല, ഇന്നത്തെ അവസ്ഥയെക്കുറിച്ചു കൂടി അറിയാൻ ശ്രമിക്കുക. അതിന് ഗൂഗിളിനെയോ പുസ്തകങ്ങളെയോ ആശ്രയിക്കാം.

മോഡൽ പരീക്ഷകൾ എഴുതുക

സ്കൂളിൽ നടത്തുന്ന മോഡൽ പരീക്ഷകൾ കൂടാതെ പരമാവധി ചോദ്യപേപ്പറുകൾക്ക് ഉത്തരം എഴുതി പഠിക്കുക. അങ്ങനെ വരുമ്പോൾ തന്നെ പരമാവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയും. കൂടാതെ, ഓരോ ഉത്തരവും എഴുതിത്തീർക്കേണ്ട സമയത്തിനു കൃത്യത വരികയും ചെയ്യും. ഓരോപരീക്ഷ എഴുതുമ്പോഴും നിങ്ങളിൽ കൂടുതൽ കൂടുതൽ ആത്മവിശ്വാസം നിറയുകയും ചെയ്യും. പരീക്ഷയോടുള്ള അപരിചിതത്വവും പേടിയും മാറുകയും ചെയ്യും.

എങ്ങനെ റിവിഷൻ ചെയ്യണം ?

പഠിക്കുന്ന കാര്യങ്ങൾ കൃത്യമായി റിവിഷൻ ചെയ്തില്ലെങ്കിൽ മറന്നുപോകാനുള്ള സാധ്യതയുണ്ട്. റിവിഷൻ ചെയ്യുമ്പോൾ ചിട്ടയായ രീതി പിന്തുടരണം.

1. ഒരു മണിക്കൂർ പഠിച്ചശേഷം അഞ്ചു മിനിറ്റ് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക.

2. ഓരോ ദിവസവും പഠിക്കുമ്പോൾ അതാതുദിവസം പഠനം അവസാനിപ്പിച്ച ശേഷം 10-15 മിനിറ്റ് ആ ദിവസം പഠിച്ചത് റിവിഷൻ ചെയ്യാൻ വേണ്ടി മാറ്റിവെക്കുക.

3. ഓരോ ദിവസവും പഠിക്കാൻ ഇരിക്കുന്നതിനു മുൻപ് തലേദിവസം പഠിച്ച കാര്യങ്ങൾ റിവിഷൻ ചെയ്തിട്ടു വേണം അടുത്തത് പഠിക്കാൻ.

4. എല്ലാ ഞായറാഴ്ചകളിലും ആ ഒരാഴ്ച പഠിച്ചത് റിവിഷൻ ചെയ്യുക.

5. മാസത്തിലെ അവസാന ദിവസം ഇതുപോലെ ആ മാസം പഠിച്ചതു മുഴുവൻ റിവിഷൻ ചെയ്യുക.

ഇപ്രകാരം ചിട്ടയായി റിവിഷൻ ചെയ്യുകയാണെങ്കിൽ പരീക്ഷയുടെ തലേദിവസം മൊത്തത്തിൽ ഒന്ന് ഓടിച്ചുനോക്കിയാൽ മതിയാകും, എല്ലാം ഓർമയുണ്ടാകും. പരീക്ഷയ്ക്ക് നന്നായി എഴുതാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *