How to Study Smart? (Introduction in Malayalam)

പഠനം എളുപ്പമാക്കാം
നിങ്ങളുടെ പഠനരീതി കൂടുതല്‍ മികച്ചതാക്കാനും പഠനലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കാനും നല്ല പഠനചര്യ വികസിപ്പിച്ചെടുക്കാനും നിങ്ങള്‍ ഏതുതരം പഠിതാക്കളാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും വ്യത്യസ്ത ശൈലിയിലാണ് പഠിക്കാന്‍ കഴിയുക. ചിലര്‍ക്ക് വായിച്ചു പഠിക്കാനാണെങ്കില്‍, ചിലര്‍ക്ക് എഴുതിയോ കേട്ടോ പഠിക്കാനായിരിക്കും ഇഷ്ടം.


1. കണ്ടു പഠിക്കുന്ന കുട്ടികള്‍ (Visual Learners) ചിത്രങ്ങള്‍, വീഡിയോകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ പ്രധാന ഉപാധിയായി സ്വീകരിക്കുന്നു.
2. കേട്ടു പഠിക്കുന്ന രീതിയുള്ളവര്‍ (Auditory Learners) മ്യൂസിക്, ശബ്ദങ്ങള്‍ എന്നിവയുടെ സഹായത്താലാണ് പഠിക്കുന്നത്.
3. Verbal Learners എഴുതിയും പറഞ്ഞും പഠിക്കുന്നു.
4. Logical Learners റീസണിങ്, ലോജിക് തുടങ്ങിയ സംവിധാനങ്ങളിലൂടെ പഠിക്കുന്നു.
5. Social Learners ആളുകളില്‍ നിന്നും ഗ്രൂപ്പില്‍ നിന്നും പഠിക്കുന്നു.
6. Solitary Learners തനിച്ചിരുന്ന് പഠിക്കുന്നവരാണ്.
നിങ്ങളുടെ പഠനശൈലി ഏതാണെന്നു മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെ പഠിക്കണം, എവിടെയിരുന്നു പഠിക്കണം, എപ്പോള്‍ പഠിക്കണം, പഠിക്കാനാവശ്യമായ കാര്യങ്ങള്‍ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കാം. പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും അറിയണം.
എത്ര സമയം പഠിക്കണം ?ഏതു സമയത്ത് പഠിക്കണം എന്നത് കുട്ടികള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഓരോ കുട്ടികള്‍ക്കും ഓരോ സമയമായിരിക്കും സൗകര്യം. ചില കുട്ടികള്‍ രാത്രി അധികസമയം ഇരുന്ന് പഠിക്കുന്നവരാണെങ്കില്‍ ചില കുട്ടികള്‍ രാവിലെ നേരത്തേ എഴുന്നേറ്റ് പഠിക്കുന്നവരായിരിക്കും. അതുകൊണ്ട് സമയം തെരഞ്ഞെടുക്കുന്നത് പൂര്‍ണ്ണമായും കുട്ടികള്‍ക്ക് വിടുക. ഏതു സമയത്തു പഠിച്ചാലും തുര്‍ച്ചയായി ഒരു വിഷയം തന്നെ പഠിക്കാതിരിക്കാനും പഠിച്ചത് റിവിഷന്‍ ചെയ്യാനും ശ്രദ്ധിക്കുക. ഒരു ദിവസം മുഴുവന്‍ ഒരേ വിഷയം തന്നെ പഠിക്കരുത്. മടുപ്പുണ്ടാക്കുക മാത്രമല്ല, നല്ല ശ്രദ്ധ കൊടുക്കാനും കഴിഞ്ഞെന്നുവരില്ല.

45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ പഠിച്ചതിനു ശേഷം അഞ്ചു മിനിറ്റ് ബ്രേക്ക് എടുക്കുക.
പ്രയാസമുള്ള വിഷയം പഠിക്കാന്‍ കൂടുതല്‍ സമയം നല്‍കുക. പഠിക്കാന്‍ താല്‍പര്യമില്ലാത്ത വിഷയത്തില്‍ പോലും നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഏതെങ്കിലും ഘടകങ്ങള്‍ കാണും. അത്തരം ഘടകങ്ങള്‍ കണ്ടെത്തി അവയ്ക്ക് കാര്യമായ പ്രാധാന്യം നല്‍കി പഠിക്കുക. ഒരു വിഷയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ പിന്നെ പഠിക്കാന്‍ എളുപ്പമാണ്. പഠിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടു പുതിയ അറിവുകളോ, വ്യത്യസ്തമായ വിവരങ്ങളോ സിലബസിനു പുറത്തുനിന്നു കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് നിങ്ങളുടെ പഠിക്കാനുള്ള താല്‍പര്യത്തെ വര്‍ധിപ്പിക്കും. കൂടാതെ പരീക്ഷയ്ക്ക് അത്തരം വിവരങ്ങള്‍ കൂടി ചേര്‍ത്ത് നന്നായി എഴുതാന്‍ കഴിയും. ഉദാഹരണത്തിന്, താജ്മഹലിനെ കുറിച്ച് പഠിക്കുമ്പോള്‍ താജ്മഹലിന്റെ ചരിത്രം മാത്രമല്ല, ഇന്നത്തെ അവസ്ഥയെക്കുറിച്ചു കൂടി അറിയാന്‍ ശ്രമിക്കുക. അതിന് ഗൂഗിളിനെയോ പുസ്തകങ്ങളെയോ ആശ്രയിക്കാം.
എഴുതി പഠിക്കാം
ചോദ്യപേപ്പറുകള്‍ക്ക് ഉത്തരം എഴുതി പഠിക്കുന്നത് നല്ലതാണ്. അങ്ങനെ വരുമ്പോള്‍ തന്നെ പരമാവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. കൂടാതെ, ഓരോ ഉത്തരവും എത്ര എഴുതണമെന്നും, എത്ര സമയത്തിനകം എഴുതിത്തീര്‍ക്കണമെന്നും മനസ്സിലാകും. ഓരോ പരീക്ഷ എഴുതുമ്പോഴും നിങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആത്മവിശ്വാസം നിറയുകയും ചെയ്യും. പരീക്ഷയോടുള്ള അപരിചിതത്വവും പേടിയും മാറുകയും ചെയ്യും.
റിവിഷന്‍ ചെയ്യേണ്ടത് എങ്ങനെ ?
പഠിക്കുന്ന കാര്യങ്ങള്‍ കൃത്യമായി റിവിഷന്‍ ചെയ്തില്ലെങ്കില്‍ മറന്നുപോകും. പഠിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ച് മനസ്സില്‍ പതിപ്പിച്ചാല്‍ മാത്രമേ ദീര്‍ഘകാലം ഓര്‍മയില്‍ നിലനില്‍ക്കുകയുള്ളൂ. റിവിഷന്‍ ചെയ്യുമ്പോള്‍ ചിട്ടയായ രീതി പിന്തുടരണം. ആദ്യം എന്താണ് റിവിഷന്‍ എന്ന് നോക്കാം. റിവിഷന്‍ എന്നാല്‍ ഓരോ തവണയും പഠിക്കുക എന്നല്ല. ഒരു തവണ പഠിച്ചവ ഇടയ്ക്കിടെ Review / Visualise ചെയ്യുക എന്നാണ്.
1. ഒരു മണിക്കൂര്‍ പഠിച്ച ശേഷം പഠിച്ച കാര്യങ്ങള്‍ അഞ്ചു മിനിറ്റ് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക.

2. ഓരോ ദിവസവും പഠിക്കുമ്പോള്‍ അതാതു ദിവസം പഠനം അവസാനിപ്പിച്ച ശേഷം 10-15 മിനിറ്റ് ആ ദിവസം പഠിച്ചത് റിവിഷന്‍ ചെയ്യാന്‍ വേണ്ടി മാറ്റിവെക്കുക.

3. ഓരോ ദിവസവും പഠിക്കാന്‍ ഇരിക്കുന്നതിനു മുന്‍പ് തലേദിവസം പഠിച്ച കാര്യങ്ങള്‍ റിവിഷന്‍ ചെയ്തിട്ടു വേണം അടുത്തത് പഠിക്കാന്‍.

4. എല്ലാ ഞായറാഴ്ചകളിലും ആ ഒരാഴ്ച പഠിച്ചത് റിവിഷന്‍ ചെയ്യുക.

5. മാസത്തിലെ അവസാന ദിവസം ഇതുപോലെ ആ മാസം പഠിച്ചതു മുഴുവന്‍ റിവിഷന്‍ ചെയ്യുക.


ഇപ്രകാരം ചിട്ടയായി റിവിഷന്‍ ചെയ്യുകയാണെങ്കില്‍ പരീക്ഷയുടെ തലേ ദിവസം മൊത്തത്തില്‍ ഒന്ന് ഓടിച്ചുനോക്കിയാല്‍ മതിയാകും, എല്ലാം ഓര്‍മ്മയുണ്ടാകും. പരീക്ഷയ്ക്ക് നന്നായി എഴുതാനും കഴിയും.