This article is Dr. Lissy Shajahan’s Study Tips series – in the full form published in Mathrubhumi Newspaper’s Nagaram supplement – Feb 19th 2020.
പരീക്ഷയെത്തി, തയ്യാറെടുക്കാം
എത്രയെത്ര പരീക്ഷകളാണ് ഇതുവരെയ്ക്കും നിങ്ങള്‍ എഴുതിയിട്ടുള്ളത്. എന്നിട്ടും എന്തിനാണ് പരീക്ഷയെ ഇങ്ങനെ പേടിക്കുന്നത്. പരീക്ഷ നിങ്ങളെ പേടിപ്പെടുത്തുന്ന ദുസ്വപ്‌നമല്ല. ഓരോ ഘട്ടത്തിലും നിങ്ങളെ വിലയിരുത്തി, നിങ്ങളുടെ മുന്നോട്ടുള്ള യാത്രയെ നിര്‍ണ്ണയിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ മാത്രമാണ്. അതുകൊണ്ട് പരീക്ഷയെ ഭയക്കാതെ അതിനായി മാനസികമായും ശാരീരികമായും തയ്യാറെടുക്കുക മാത്രമാണ് ചെയ്യേണ്ടത്. പരീക്ഷയെത്തുടര്‍ന്ന് നിങ്ങള്‍ക്കുണ്ടാകുന്ന നേട്ടത്തെക്കുറിച്ച് മാത്രം ആലോചിക്കുക.
ആദ്യമായി പരീക്ഷയില്‍ നിങ്ങള്‍ക്ക് എത്ര മാര്‍ക്ക് വേണം എന്നതിന് വ്യക്തത വരുത്തുക. റിയലിസ്റ്റിക് ആയി വേണം ഇത് പ്ലാന്‍ ചെയ്യാന്‍. നിങ്ങള്‍ വളരെ കുറച്ചു സമയം മാത്രം പഠിക്കുകയും കുറവ് ശ്രമം നടത്തുകയും ചെയ്യുന്ന ആളായിരിക്കുകയും 95 ശതമാനം മാര്‍ക്ക് വേണം എന്ന് പ്ലാന്‍ ചെയ്യുകയും ചെയ്താല്‍ ഫലം ലഭിക്കണമെന്നില്ല. നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും വിനിയോഗിക്കുന്ന സമയത്തിനും നിങ്ങളുടെ പഠന സാമര്‍ത്ഥ്യത്തിനും അതിനനുസരിച്ചുള്ള പ്ലാന്‍ തയ്യാറാക്കുന്നതാണ് ഉചിതം. ടാര്‍ഗറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നീട് അതിനനുസരിച്ചു കൃത്യമായി വര്‍ക്ക് ചെയ്യുക.
ടൈം ടേബിള്‍ തയ്യാറാക്കാംസ്‌കൂള്‍ ദിവസങ്ങള്‍ക്കും അവധി ദിവസങ്ങള്‍ക്കും പ്രത്യേകം ടൈം ടേബിള്‍ തയ്യാറാക്കുക. രാത്രി എത്ര സമയം, പകല്‍ എത്ര സമയം എന്നിവ തീരുമാനിക്കണം. എത്ര സമയം പഠിക്കണം, എത്ര സമയം ഉറങ്ങണം, റിവിഷന്‍ എത്ര സമയം, വിശ്രമവും ഭക്ഷണവും.. അങ്ങനെ എല്ലാം ടൈം ടേബിളില്‍ പരാമര്‍ശിക്കണം. ഏതു വിഷയമാണ് കൂടുതല്‍ പഠിക്കേണ്ടത്, ഏതിനു കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നിവ തീരുമാനിക്കണം. നിങ്ങള്‍ക്ക് പഠിക്കാന്‍ പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാം. 45 മിനിറ്റ് പഠിച്ചശേഷം അഞ്ചു മിനിറ്റ് ബ്രേക്ക് എടുക്കുക. അല്ലെങ്കില്‍ ശ്രദ്ധ നഷ്ടപ്പെടുകയും മടുപ്പുണ്ടാകുകയും ചെയ്യും. പഠന സയമത്തും അല്ലാത്തപ്പോഴും നന്നായി വെള്ളം കുടിക്കുകയും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണക്രമവും ഉറക്കവും പിന്തുടരുക.
ഇനി ആദ്യം മുതല്‍ എല്ലാം പഠിക്കാനുള്ള സമയമില്ല. പഠിച്ചത് റിവിഷന്‍ ചെയ്യാനും ഏറ്റവും പ്രധാനപ്പെട്ടവ പഠിക്കാനും മാത്രമേ സമയമുള്ളൂ. അതിനാല്‍ പരമാവധി പഴയ ചോദ്യപ്പേപ്പറുകള്‍ ശേഖരിക്കുക. ആവര്‍ത്തിച്ചു വരുന്ന ചോദ്യങ്ങളും പാഠഭാഗങ്ങളും ഏതാണെന്നു മനസ്സിലാക്കുക. പലപ്പോഴും 70 ശതമാനം ചോദ്യങ്ങളും വരുന്നത് 20-30 ശതമാനത്തോളം വരുന്ന പാഠഭാഗങ്ങളില്‍ നിന്നാണ്. പഴയ ചോദ്യപ്പേപ്പറുകളില്‍ നിന്ന് അവ ഏതെല്ലാമാണെന്ന് കണ്ടെത്താനാവും. Essays, one word questions എന്നിവ ആവര്‍ത്തിക്കുന്നുണ്ടാവാം. അങ്ങനെ കണ്ടെത്തിയ ശേഷം ആ പാഠഭാഗങ്ങള്‍ കൂടുതല്‍ നന്നായി പഠിക്കുക. ആവര്‍ത്തിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒരു തവണ വായിച്ചു പോകുക.
പരീക്ഷ കഴിയുന്നതു വരെ ടിവി, മൊബൈല്‍, ടാബ് തുടങ്ങിയ എല്ലാ സ്‌ക്രീനുകളില്‍ നിന്നും അവധിയെടുക്കുക. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാട്ട്‌സാപ്പിലും ഒക്കെ സമയം ചെലവഴിക്കാന്‍ രണ്ടു മാസത്തം അവധിക്കാലം മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുക. കളിക്കാനും കൂട്ടുകൂടാനും ധാരാളം സമയമുണ്ട്. ഇപ്പോള്‍ തല്‍ക്കാലം പഠനത്തില്‍ മാത്രം ശ്രദ്ധിക്കാം എന്ന ഉറച്ച തീരുമാനത്തോടെ പഠനത്തെ സമീപിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാന്‍ കഴിയും.