10 Tips to Study Smart – Study Like a Teacher

പഠിക്കാം സ്മാര്‍ടായി

ഹാര്‍ഡ് വര്‍ക്കല്ല, സ്മാര്‍ട് വര്‍ക്കാണ് വേണ്ടത്. ഇത് തിരിച്ചറിയുന്നിടത്താണ് നമ്മുടെ വിജയം. സ്മാര്‍ട്ടായി പഠിക്കുന്നതിനെ സ്മാര്‍ട് സ്റ്റഡി എന്ന് പറയുന്നു. ഹാര്‍ഡ് വര്‍ക്ക് എന്നാല്‍ അമിതമായി കഷ്ടപ്പെട്ടു പഠിക്കണം. സ്മാര്‍ടായി പഠിക്കാന്‍ ചില ടെക്‌നിക്കുകള്‍ അറിഞ്ഞാല്‍ മതിയാകും. കുറഞ്ഞ സമയത്ത് കൂടുതല്‍ പഠിക്കാം.

എങ്ങനെ സ്മാര്‍ടായി പഠിക്കാം ?

സ്മാര്‍ടായി പഠിക്കാന്‍ ചില പ്രത്യേക പഠനരീതികളുണ്ട്. അത് പിന്തുടര്‍ന്ന് പഠിച്ചാല്‍ ഏറ്റവും സ്മാര്‍ടായി കൂടുതല്‍ മാര്‍ക്കുനേടാം.

Study Less Like and Study More Over a Period of Time – കുറച്ചുവീതം പഠിക്കാം


പരീക്ഷ അടുക്കാറാകുമ്പോള്‍ എല്ലാംകൂടി ഒരുമിച്ചിരുന്ന് പഠിക്കുന്നതാണ് പലരുടെയും രീതി. ഇത് നല്ലൊരു മാര്‍ഗമല്ല. ഓരോ പാഠഭാഗങ്ങളെയും ഓരോ മൊഡ്യൂളുകളായി തരംതിരിച്ച് പഠിക്കണം. കുറച്ചുവീതം പഠിക്കുമ്പോള്‍ ടെന്‍ഷനും സമ്മര്‍ദ്ദവും കുറയുക മാത്രമല്ല, പെട്ടെന്നും നന്നായും പഠിക്കാനും കഴിയും. ഓരോ മൊഡ്യൂളുകളും എത്ര സമയത്തിനുള്ളില്‍ / ദിവസത്തിനുള്ളില്‍ പഠിച്ചു തീര്‍ക്കാം എന്ന് പ്ലാന്‍ ചെയ്യണം. ഈ രീതിയില്‍ പഠിക്കുന്നതിലൂടെ എല്ലാംകൂടി ഒന്നിച്ച് പഠിക്കുന്നതിന്റെ പ്രയാസം ഒഴിവാക്കാനാവുന്നു. കൂടാതെ, ഓരോ പാഠഭാഗങ്ങള്‍ പഠിച്ചുതീര്‍ക്കുമ്പോള്‍ ആത്മവിശ്വാസവും സംതൃപ്തിയും ലഭിക്കുകയും ചെയ്യുന്നു. വീണ്ടും പഠിക്കാനുള്ള ഊര്‍ജ്ജവും ഇതിലൂടെ ലഭിക്കുന്നു.

Read and Study – വായിച്ചു പഠിക്കാം

പഠനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വായന. വായിച്ച കാര്യങ്ങള്‍ പറഞ്ഞു നോക്കുന്നത് വായനപോലെ തന്നെ പ്രധാനപ്പെട്ടതാണ്. 20 ശതമാനം വായനയിലൂടെയും 80 ശതമാനം പറച്ചിലിലൂടെയും പഠിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വായനയേക്കാളുപരി പറഞ്ഞു പഠിക്കുന്നതാണ് നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുക. അതായത് വായിച്ചു പഠിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ഭാഷയില്‍ പറഞ്ഞു നോക്കുമ്പോള്‍ വേഗം മനസ്സില്‍ പതിയുകയും പഠനം എളുപ്പമാകുകയും ചെയ്യും. ചോദ്യോത്തരങ്ങള്‍ വായിച്ച് പഠിക്കുമ്പോള്‍ 20 ശതമാനം മാത്രമായിരിക്കും നമ്മുടെ മനസില്‍ തങ്ങി നില്‍ക്കുക. എന്നാല്‍ സ്വന്തം ഭാഷയില്‍ പറഞ്ഞു പഠിച്ചാല്‍ പഠിക്കുന്നതിന്റെ 80 ശതമാനവും നമുക്ക് ഹൃദിസ്ഥമാക്കാനാവും.

Study by Asking Questions – ചോദ്യങ്ങള്‍ ചോദിച്ചു പഠിക്കാം

സ്വയം ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ പറഞ്ഞും പഠിക്കുകയാണെങ്കില്‍ ഓര്‍മയിലേക്ക് ചോദ്യോത്തരങ്ങള്‍ വേഗം ചേക്കേറും. ഉത്തരങ്ങള്‍ വേഗം മനപ്പാഠമാക്കാനും ഈ മാര്‍ഗ്ഗം വളരെയധികം ഉപകാരപ്രദമാണ്.

Note Making for Smart Study – നോട്ടുകള്‍ ഉണ്ടാക്കാം

സ്വയം ഉണ്ടാക്കിയെടുക്കുന്ന നോട്ടുകള്‍ വായിച്ച് പഠിക്കുന്നതാണ് സ്മാര്‍ട് സ്റ്റഡിയുടെ മറ്റൊരു ലക്ഷണം. അധ്യാപകരോ അക്കാദമിക് വിദഗ്ധരോ തയാറാക്കി നല്‍കുന്ന നോട്ടുകളെക്കാള്‍ നമുക്ക് മനസില്‍ നില്‍ക്കുക സ്വയം എഴുതിയുണ്ടാക്കുന്ന നോട്ടുകളാണ്. അത് സ്വയം ചോദ്യങ്ങളുണ്ടാക്കിയോ, പാഠപുസ്തകങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയോ ആവാം. ചെറിയ ചെറിയ നോട്ടുകള്‍ തയാറാക്കി വെക്കുന്നത് റിവിഷന്‍ നടത്താനും സഹായിക്കും. പോയിന്റുകളായോ ഗ്രാഫുകള്‍ വരച്ചോ ചിത്രങ്ങളോ കോഡുകളോ ഉപയോഗിച്ചോ നോട്ടുകള്‍ തയാറാക്കാം. പഠിക്കുന്ന സമയത്ത് തയാറാക്കുന്ന നോട്ടുകളില്‍ ഉത്തരങ്ങളുടെ വ്യാപ്തിയും ഉള്ളടക്കവും കൃത്യമായിരിക്കും. ഇത്തരം ചെറിയ നോട്ടുകള്‍ പിന്നീട് എടുത്തു നോക്കുമ്പോള്‍ പാഠഭാഗം മുഴുവനായി നമ്മുടെ മനസിലേക്ക് കയറി വരും.

ഇമേജുകളുമായി കണക്ട് ചെയ്ത് പഠിക്കുന്നത് നല്ല മാര്‍ഗമാണ്. ഒരു മരം വരച്ച് അതില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തി പഠിക്കാം. ഏറ്റവും പ്രധാനപ്പെട്ടവ വേരുകളിലും, പ്രാധാന്യം അല്‍പം കുറഞ്ഞവ തണ്ടുകളിലും ബാക്കിയുള്ളവ ശാഖകളിലും പൂക്കളിലും ഇലകളിലും കായ്കളിലും രേഖപ്പെടുത്താം. ദീര്‍ഘകാല ഓര്‍മ്മയില്‍ നില്‍ക്കാന്‍ ഇതുപോലെ ചിത്രങ്ങളുമായി കണക്ട് ചെയ്തു പഠിക്കുന്നത് സഹായിക്കും. ചിത്രങ്ങള്‍ നമ്മുടെ ദീര്‍ഘകാല ഓര്‍മയില്‍ നിലനില്‍ക്കുന്നു.

Smart Study by Repeating – ആവര്‍ത്തിച്ചു പഠിക്കാം

ആവര്‍ത്തിച്ചു പഠിക്കുക എന്നുദ്ദേശിച്ചത് കൂടുതല്‍ സമയം വായിക്കുകയല്ല. പകരം, വരച്ചിട്ട ഡയഗ്രങ്ങളും പഠിച്ചു കഴിഞ്ഞ പോയിന്റുകളും ഗ്രാഫുകളുമൊക്കെ ആവര്‍ത്തിച്ച് നോക്കുന്നതിലൂടെ അവ വേഗം നമ്മുടെ മനസിലേക്ക് ഓടിയെത്തും. പഠിച്ച കാര്യങ്ങള്‍ തന്നെ ആഴ്ചയിലൊരു തവണയോ മാസത്തിലൊരു തവണയോ പരീക്ഷയോടടുക്കുമ്പോള്‍ ദിവസത്തിലൊരുതവണയോ ഒക്കെയായി ആവര്‍ത്തിച്ചു പഠിക്കാം. പഠിച്ചതിന്റെ ആകെത്തുകയോ ആശയമോ ഒക്കെയായി ചുരുക്കെഴുത്ത് നടത്തി ഇത് കൂടുതല്‍ എളുപ്പമാക്കാം.

Study Smart like a Teacher – അധ്യാപകനെപ്പോലെ പഠിക്കാം

അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കാനായി ഓരോ കാര്യങ്ങളുടെയും എല്ലാ വശങ്ങളും ഇഴകീറി പരിശോധിച്ചായിരിക്കും നോട്ടുകള്‍ ഉണ്ടാക്കുക. വിദ്യാര്‍ഥികള്‍ ഏത് ഭാഗത്തുനിന്ന് എന്ത് സംശയം ചോദിച്ചാലും മറുപടി പറയാന്‍ പാകത്തില്‍ എല്ലാ വിഷയങ്ങളിലും വിശകലനം നടത്തിയാവും അധ്യാപകര്‍ ക്ലാസിലെത്തുക. ഇത്തരത്തില്‍ പഠിച്ചാല്‍ സംശയങ്ങളുണ്ടാകുകയും അത് ദൂരീകരിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യാം. എന്നാല്‍ പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം പഠിക്കുന്നതിനപ്പുറം പഠനം ഏറെ രസകരമാകുകയും ഒരധ്യാപകനെപ്പോലെ നമ്മള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്യും.

Neumonics for Smart Study

പഠനത്തിലെ ഒരു കുറുക്കുവഴിയാണ് നിമോണിക്‌സ്. പഠിക്കേണ്ട ഇക്വേഷനുകളെയും ടേമുകളെയും നീണ്ട പാഠഭാഗങ്ങളെയുമൊക്കെ കോഡാക്കി ഓര്‍ത്തുവെക്കുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. പഠിക്കേണ്ട ഭാഗത്തിന്റെ ആദ്യാക്ഷരങ്ങള്‍ കോര്‍ത്ത് വേഗം ഓര്‍ത്തുവെക്കാവുന്ന ഒരു പദമാക്കിയോ പദ്യമാക്കിയോ പഠിക്കാം. ഉദാ: VIBGYOR- Violet, Indigo, Blue, Green, Yellow, Orange, Red.

Coined – Study by Association

പഠിക്കുന്ന കാര്യങ്ങളെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് ഈ രീതി. നമ്മുടെ നിത്യജീവിതവുമായോ സംഭവങ്ങളുമായോ ബന്ധപ്പെടുത്തി പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ വേഗം ഓര്‍ത്തെടുക്കാനാവും. ഉദാ: കണക്ക് പഠിക്കുമ്പോള്‍ ഓരോ ദിവസവും നമ്മള്‍ സ്വയം നടത്തുന്ന കണക്കുകൂട്ടലുകളുമായി ബന്ധപ്പെടുത്തി പഠിക്കാം. കിലോമീറ്റര്‍, വിസ്തീര്‍ണം തുടങ്ങിയവ നമ്മള്‍ സഞ്ചരിക്കുന്ന വഴികളും നമ്മുടെ പരിസരവുമായും ബന്ധപ്പെടുത്താം. സയന്‍സ് പഠിക്കുമ്പോള്‍ നമ്മുടെ സ്വന്തം ശരീരത്തോട് ബന്ധപ്പെടുത്തി പഠിക്കാം.

Smart Revision – സ്മാര്‍ട് റിവിഷന്‍

ഒരു വിഷയം പഠിച്ചുകൊണ്ടിരിക്കെ ഒരു മണിക്കൂര്‍ ആവും മുന്നേ അതുവരെ പഠിച്ചത് റിവിഷന്‍ ചെയ്യുക. ഉറങ്ങും മുന്നേ അന്ന് പഠിച്ചത് മൊത്തത്തില്‍ റിവിഷന്‍ ചെയ്യാം. അടുത്ത ദിവസം രാവിലെ പഠനം തുടങ്ങുന്നത് ഇന്നലെ പഠിച്ചവ റിവിഷന്‍ ചെയ്തുകൊണ്ടാവുന്നത് നല്ലതാണ്. രണ്ടുദിവസം കഴിഞ്ഞും ആഴ്ചയവസാനവും റിവിഷന്‍ ചെയ്യാം. പരീക്ഷയടുക്കുമ്പോള്‍ ഈ രീതിയില്‍ റിവിഷന്‍ ചെയ്യുന്നതാണ് നല്ലത്.

Prioritize your Study – പ്രാധാന്യമനുസരിച്ച് പഠിക്കാം

ക്രമമനുസരിച്ച് പഠിക്കാതെ പ്രാധാന്യം അനുസരിച്ച് വേണം പഠിക്കാന്‍. പാഠഭാഗങ്ങളില്‍ പ്രധാനപ്പെട്ടത്ആദ്യം പഠിക്കുക. സ്വയം ചോദ്യങ്ങള്‍ തയ്യാറാക്കി പരീക്ഷ ഇട്ടുനോക്കുന്നത് വളരെ ഉപയോഗപ്രദമാണ്. അരമണിക്കൂര്‍ വീതമുള്ള ചെറിയ ചെറിയ അഞ്ചോ ആറോ പരീക്ഷകള്‍ ദിവസവും എഴുതി നോക്കാം. പഴയ ചോദ്യപ്പേപ്പറുകള്‍ക്ക് ഉത്തരം എഴുതി പഠിക്കുന്നതും നല്ലതാണ്. ഇപ്രകാരം ചെയ്യുമ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച ചോദ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. പലതവണ ആവര്‍ത്തിച്ചവ തീര്‍ച്ചയായും പഠിക്കുക. പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള ന്യൂമറിക്‌സ് വിഷയങ്ങളായ ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ ഉച്ചയ്ക്കുശേഷം പഠിക്കുന്നതാണ് നല്ലത്. കാരണം അവ കൂടുതലും എഴുതിയാണ് പഠിക്കുക. ആര്‍ട്‌സ് വിഷയങ്ങള്‍ വൈകുന്നേരങ്ങളിലോ രാത്രിയോ പഠിക്കാം. മറ്റു വിഷയങ്ങള്‍ രാവിലെ പഠിക്കാം.

ഇനി സമയമില്ല. ഗൗരവത്തോടെ പരീക്ഷയെ സമീപിക്കുകയാണ് വേണ്ടത്. അതിനാല്‍ ടെന്‍ഷന്‍ ഒഴിവാക്കി സമാധാനത്തോടെ പഠിക്കാന്‍ ശ്രമിക്കുക.