ജനറേഷൻ ഗ്യാപ് തടസ്സമല്ല, വളർച്ചയിലേക്കുള്ള വഴി

Consultant Psychologist and International Master Life Coach

തലമുറകൾ തമ്മിലുള്ള വിടവ് എല്ലാ കാലത്തും ഉള്ളതാണ്. അത് ഇപ്പോൾ ജെൻ സി കാലത്ത് ഉണ്ടായതല്ല. എന്നാൽ ജെൻ സി (1997-2012 കാലഘട്ടത്തിൽ ജനിച്ചവർ) യും അവരുടെ രക്ഷിതാക്കളും തമ്മിലുള്ള വിടവ് കൂടുതൽ പ്രകടമാണ്. സാങ്കേതികവിദ്യയുമായി കൂടുതൽ ഇടപെഴുകി ജീവിക്കാൻ അവസരം കിട്ടിയവരാണ് ജെൻ സി തലമുറ. അവർ ടെക്നോളജി, വൈവിധ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നവരാണ്. അതേസമയം രക്ഷിതാക്കൾ, പാരമ്പര്യ മൂല്യങ്ങൾ, സ്ഥിരത, കഠിനാധ്വാനം എന്നിവയിലാണ് വിശ്വസിക്കുന്നത്. ഈ വ്യത്യാസങ്ങൾ കുടുംബ ബന്ധങ്ങളിൽ പലതരത്തിലുള്ള സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ഇരുവശങ്ങളിൽ നിന്നുമുള്ള ശ്രമങ്ങളിലൂടെ ഈ വിടവ് നികത്താൻ കഴിയും.

ജനറേഷൻ ഗ്യാപിന്റെ കാരണങ്ങൾ

ജെൻ സിമാർ ഇന്റർനെറ്റും സോഷ്യൽ മീഡിയയും പരമാവധി ഉപയോഗിച്ച് ശീലിച്ചതിനാൽ അവരുടെ ലോകം വേഗമേറിയതും വിവരസമ്പന്നവുമാണ്. അവർ പ്രൊഫഷണൽ-പേഴ്സണൽ ലൈഫ് ബാലൻസ്, സാമൂഹിക നീതി എന്നിവയ്ക്ക് മുൻഗണന നൽകുന്നു. മറുഭാഗത്ത്, രക്ഷിതാക്കൾ പലപ്പോഴും സാമ്പത്തിക സ്ഥിരത, കുടുംബ ഉത്തരവാദിത്തങ്ങൾ, പാരമ്പര്യ ആചാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന്, ജെൻ സി സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളെ കണ്ടെത്തുമ്പോൾ, രക്ഷിതാക്കൾ അത് സുരക്ഷിതമല്ലാത്ത ഒരു കാര്യമായാണ് കരുതുന്നത്. ലിംഗഭേദം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും ഈ വിടവ് വർദ്ധിപ്പിക്കുന്നു. ഈ വ്യത്യാസങ്ങൾ മൂലം, തെറ്റിദ്ധാരണകൾ, വാദപ്രതിവാദങ്ങൾ, വൈകാരിക

അകലം എന്നിവ ഉണ്ടാകാം. എന്നാൽ, ഇത് ഒരു പ്രശ്നമല്ല, പരസ്പരം മനസ്സിലാക്കാനുള്ള അവസരമാണ്.

എങ്ങനെ വിൻ ചെയ്യാം?

ജനറേഷൻ ഗ്യാപ് നികത്താൻ ഇരു ഭാഗത്തുനിന്നും സഹകരണം ആവശ്യമാണ്. നിരന്തരമായ ആശയവിനിമയമാണ് ഏറ്റവും പ്രധാനം. തുറന്ന സംഭാഷണങ്ങൾ, സഹാനുഭൂതി, വിട്ടുവീഴ്ച എന്നിവയിലൂടെ ബന്ധങ്ങൾ ശക്തപ്പെടുത്താം. രക്ഷിതാക്കൾ ജെൻ സിയുടെ ലോകത്തേക്ക് കടന്നുചെല്ലുകയും, കുട്ടികൾ രക്ഷിതാക്കളുടെ അനുഭവങ്ങളെ മാനിക്കുകയും ചെയ്യണം. കുട്ടികൾ ചെയ്യുന്നത് തെറ്റായ കാര്യമല്ല, അത് ഈ കാലത്തിന്റെ സ്വഭാവമാണ് എന്ന് രക്ഷിതാക്കൾ മനസ്സിലാക്കണം. രക്ഷിതാക്കൾ പഴയവർ ആർക്കുമല്ല, അവരുടെ യുവത്വത്തിൽ അവർ വളർന്നുവന്ന സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്ന് ജെൻ സിയും മനസ്സിലാക്കുക. പരസ്പരം കുറ്റം പറയാതെ എങ്ങനെ സഹകരിച്ച് മുന്നോട്ടുപോകാം എന്ന് തുറന്ന് സംസാരിച്ച് തീരുമാനിക്കാം. ഉദാഹരണത്തിന്, ഒന്നിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുകയോ രക്ഷിതാക്കൾ അവരുടെ പഴയ കഥകൾ പങ്കുവെക്കുകയോ ചെയ്യാം.

രക്ഷിതാക്കൾക്കുള്ള ഉപദേശങ്ങൾ

തുറന്ന മനസ്സോടെ കേൾക്കുക: കുട്ടികളുടെ അഭിപ്രായങ്ങൾ മുൻവിധികളില്ലാതെ കേൾക്കുക. അവരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗൗരവമായി എടുക്കുക.

സാങ്കേതികവിദ്യ പഠിക്കുക: സോഷ്യൽ മീഡിയ, കുട്ടികൾ ഉപയോഗിക്കുന്ന മറ്റ് ആപ്പുകൾ എന്നിവയെക്കുറിച്ച് അറിയുക.

പാരമ്പര്യ മൂല്യങ്ങൾ പങ്കുവെക്കുക: നിങ്ങളുടെ അനുഭവങ്ങൾ കഥകളായി പറയുക. പക്ഷേ അത് അടിച്ചേൽപ്പിക്കാതിരിക്കുക.

വിട്ടുവീഴ്ച ചെയ്യുക: കുട്ടികളുടെ തിരഞ്ഞെടുപ്പുകളെ (ഉദാ: കരിയർ, ഫാഷൻ) മാനിക്കുക. അതേസമയം, സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക.

ഒന്നിച്ച് സമയം ചെലവിടുക: കുടുംബ യാത്രകളും പുറത്തുപോയി ഭക്ഷണം കഴിക്കലും പോലെയുള്ളവ സംഘടിപ്പിക്കുക. ഒന്നിച്ച് സമയം ചെലവിടുന്നത് വഴി ബന്ധങ്ങൾ മെച്ചപ്പെടും.

കുട്ടികൾക്കുള്ള (ജെൻ സി) ഉപദേശങ്ങൾ

രക്ഷിതാക്കളുടെ കാഴ്ചപ്പാട് മനസ്സിലാക്കി പ്രവർത്തിക്കാൻ ജെൻ സിമാർക്കും ഉത്തരവാദിത്തമുണ്ട്.

ധൈര്യത്തോടെ സംസാരിക്കുക: നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും ധൈര്യമായി തുറന്നു പറയുക. രക്ഷിതാക്കൾക്ക് അത് മനസ്സിലാക്കി കൊടുക്കുകയും കാര്യകാരണങ്ങൾ വിവരിക്കുകയും ചെയ്യുക. നിങ്ങളുടെ ചിന്തകൾ അവർക്ക് മനസ്സിലായില്ല എന്ന് മുൻവിധി ഇല്ലാതെ വശീകരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ തീരുമാനങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുക.

രക്ഷിതാക്കളുടെ അനുഭവങ്ങൾ മാനിക്കുക: ജീവിതം കൊണ്ടും പ്രായം കൊണ്ടും അവരുടെ അനുഭവങ്ങൾക്ക് ശാക്തമായ പാഠങ്ങളുണ്ടാകും. അവരെ കേൾക്കുകയും അതിൽ നിന്ന് ഉൾക്കാഴ്ചകൾ സ്വീകരിക്കുകയും ചെയ്യുക.

സമയക്രമം പാലിക്കുക: സ്ക്രീൻ ടൈം കുറച്ച് ഫാമിലി ടൈം കണ്ടെത്തുക. ഫോണുകൾ മാറ്റിവെച്ച് സംഭാഷണം നടത്തുക.

സഹായം തേടുക: പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, കൗൺസലിങ്ങോ ഫാമിലി തെറാപ്പിയോ പരിഗണിക്കുക.

പൊതുവായ താല്പര്യങ്ങൾ കണ്ടെത്തുക: സിനിമകൾ, സ്പോർട്സ് അല്ലെങ്കിൽ പാചകം പോലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ താല്പര്യമുള്ള കാര്യങ്ങൾക്കായി സമയം ചെലവഴിക്കുക.

ജനറേഷൻ ഗ്യാപ് ഒരു തടസ്സമല്ല, മറിച്ച് വളർച്ചയ്ക്കുള്ള അവസരമാണ്. ഇരുഭാഗത്തുള്ളവർക്കും പരസ്പരം മനസ്സിലാക്കി സ്നേഹത്തോടെ പ്രവർത്തിച്ചാൽ കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാം.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *